My Dream Girl Malayalam Short Story

Nizhal Malayalam Short Story

in Malayalam Stories by

+അതിരാവിലെ അടിവാരത്തു നിന്നു തുടങ്ങിയ യാത്രയാണ്. മരങ്ങളും, അതിനിടയിൽ അരയ്യോപ്പം നിൽക്കുന്ന കുറ്റിച്ചെടികളും വകഞ്ഞു മാറ്റി വേണം കുറിഞ്ഞി മലയുടെ മുകളില്‍ എത്താന്‍. പൈന്‍ മരങ്ങളുടെ ചൂളം വിളികളുടെയും, കാട്ടൂ കോഴികളുടെ രാഗനാദങ്ങളുടെയും അകമ്പടിയോടെ ഞാന്‍ നടന്നു, കൂടെ അവളും…

അവള്‍ എന്ന് പറഞ്ഞാല്‍ നിങ്ങള്‍ ചോദിക്കും ആരാണ് അവള്‍ എന്ന്. ഒരു പെണ്‍കുട്ടി, എന്ന് പറയുന്നതിനെക്കാള്‍ എന്നെ വിടാതെ പിന്തുടരുന്ന ഒരു നിഴലാണ് അവൾ എന്ന് പറയുന്നതാണ് ശരിയെന്നു തോന്നുന്നു.

നിശബ്ദയിലാണ് അവളുടെ ലോകം പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത്. ഒരിക്കല്‍ പോലും  അവളോട്‌ ഞാന്‍ പേര് ചോദിച്ചിട്ടില്ല. കാതു കൂര്‍പ്പിച്ചാല്‍ ചിലപ്പോള്‍  അവളുടെ പേര് പിടിച്ചെടുക്കാന്‍ സാധിക്കും, പക്ഷെ, ഒരു പേരില്‍ അവളെ തളച്ചിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം അവള്‍ ആരെന്നതില്‍ ഉപരി അവള്‍ എനിക്ക് ആരെന്നതില്‍ ഊന്നി ജീവിക്കാനാണ് ഞാന്‍ എപോഴും ഇഷ്ടപെടുന്നത്.

നിശബ്ധയുടെ ലോകം വല്ലാതെ ഇഷ്ടപെടുന്നത് കൊണ്ടാണോ അവളിലെയ്യ്ക്ക് കൂടുതല്‍ അടുത്തത് എന്നറിയില്ല. പക്ഷെ എനിക്കവള്‍ എന്നും പ്രകാശം പരത്തുന്ന പെണ്‍കുട്ടിയാണ്. നിഴലായി എന്റെ ജീവിതത്തിലേയ്ക്ക്  കടന്നു വന്നു പ്രഭ ചൊരിയുന്ന പ്രകാശം പരത്തുന്ന പെണ്‍കുട്ടി.

പലപോഴും അവളുടെ കണ്ണുകളില്‍  ഒളിഞ്ഞിരിക്കുന്ന എന്റെ നിഴലിനെ ഞാന്‍ കണ്ടിട്ടുണ്ട്. പിന്നെ ചുണ്ടുകളില്‍ വിടര്‍ന്നു നില്‍ക്കുന്ന ചെറിയ പുഞ്ചിരിയും. ഒരിക്കല്‍ പോലും അത് മായുന്നത് ഞാന്‍ കണ്ടിട്ടില്ല. ആ ചുണ്ടുകള്‍ ചിലപ്പോഴോക്കെ എന്തോ മന്ത്രിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്‌. ആ തോന്നല് വന്നപോഴോക്കെ അവളുടെ ചുണ്ടുകളുടെ നാദം പിടിച്ചെടുക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുമുണ്ട്.

എനിക്ക് അവളെയെന്നപോല്‍ അവള്‍ക്കു എന്നെയും ഇഷ്ടമാണെന്ന് എനിക്ക് നന്നായിട്ടറിയാം, പക്ഷെ നേരിട്ട് ചോദിച്ചാല്‍ മറുവാക്ക് പറയുമോ എന്ന പേടിയില്‍ ഇതുവരെ അവളോട്‌ നേരിട്ടങ്ങനെ ചോദിച്ചിട്ടുമില്ല എന്നതാണ് സത്യം.

എല്ലാ യാത്രയ്ക്കും ഒരു ലക്ഷ്യമുണ്ട്, അങ്ങനെയാണ് ആകാശത്തിന്റെ മടിതട്ടിലെയ്ക്ക്, കുറിഞ്ഞി മലയിലെയ്ക്ക് ഒരുമിച്ചൊരു യാത്ര ഞങ്ങള്‍ ആരംഭിച്ചത്. ഒന്നെങ്കില്‍ ഈ യാത്ര  ഒരുമിച്ചൊരു ജീവിതത്തിന്റെ തുടക്കമായിരിക്കും അല്ലങ്കില്‍  ഈ യാത്ര എല്ലാത്തിന്റെയും അവസാനവും.

—-

കുറിഞ്ഞി മലയുടെ മുകളില്‍ ഒരു വലിയ  ആല്‍ മരമുണ്ട്, അതിനു ചുറ്റും നീലകുറിഞ്ഞി പുത്തുലഞ്ഞു നില്പുണ്ട് എന്ന് നാണു ആശാന്‍  പറഞ്ഞാണ് അറിഞ്ഞത്. പത്തു പന്ത്രെണ്ട് കൊല്ലം കൂടുമ്പോഴാണത്രേ നീലകുറിഞ്ഞി പൂക്കുന്നത്.

അങ്ങനെ കുറുഞ്ഞി മലയിലെ വിശേഷങ്ങള്‍ പറയാതെ പറഞ്ഞും, കണ്ണ്കുളിര്‍ക്കെ കാഴ്ചകള്‍ കണ്ടും ഞങ്ങള്‍ നടന്നു. ഇളം വെയിലിന്റെ ചൂടെറ്റു കാറ്റ് മെല്ലെ വീശുന്നുണ്ടായിരുന്നു. കാച്ചിയ വെളിച്ചെണ്ണയില്‍ കുങ്കുമവും മൈലാഞ്ചിയും ചേര്‍ന്ന ഒരു പ്രത്യേക വാസന ആ കാറ്റിനുണ്ട്. അത് അവളുടെ മണമാണ്, മദയാനയെ വരെ മയക്കി നിര്‍ത്താനുള്ള വാസന അതിനുണ്ട്.

കടപുഴകി വീഴാന്‍ വെമ്പുന്ന വൃക്ഷങ്ങളെ പോലെ അവളുടെ മുടിയിഴകള്‍ അങ്ങും ഇങ്ങും പാറി കളിച്ചുകൊണ്ടിരുന്നു. അതില്‍ തഴുകുവാന്‍ കൊതിച്ചു മെല്ലെ കൈകള്‍ ഉയര്‍ത്തിയെങ്കിലും പിന്നെ അത് വേണ്ട എന്ന് നിനച്ചു കയ്യ്  താഴ്ത്തി.

ഒന്നും സംഭവികാത്ത മട്ടില്‍ അങ്ങനെ  നില്‍കുമ്പോഴാണ് എന്റെ  പ്രവത്തികളെല്ലാം അവള്‍ കാണുന്നുണ്ടായിരുന്നു എന്ന് ഞാന്‍ മനസിലാക്കിയത്. തീക്ഷണമായൊരു നോട്ടം അവളില്‍ നിന്ന് പ്രതീക്ഷിഛെങ്കിലും അവള്‍ എന്നെ നോക്കി ചിരിച്ചു.

ചുവന്ന ചുണ്ടുകളുടെ വെലികെട്ടൂകളും പൊട്ടിച്ചു ഒരു ചിരി.

ഒരു ചിരിയില്‍ പെണ്ണ് എന്തെല്ലാം രഹസ്യങ്ങള്‍ ഒളിപ്പിച്ചു വെച്ചിട്ടൂണ്ട് എന്നു പണ്ട് നാണു ആശാൻ പറഞ്ഞുതന്നത് പെട്ടെന്ന് ഓർമയിൽ തെളിഞ്ഞു വന്നു. “സാക്ഷാൽ ഒടയതമ്പുരാനു പോലും മനസിലാകാത്ത ഭാഷയിൽ അവൾ ചിരിക്കും, നീ എത്ര നാള് ഒറ്റക്കാലിൽ തപസു നിന്നാലും അതിന്റെ അർത്ഥം കണ്ടുപിടിക്കാൻ സാധിക്കില്ല. അതാണ് പെണ്ണ്..”

ശരിക്കും അതോണോ പെണ്ണ്? ആശാന്‍ പറഞ്ഞത് സത്യമായിരികുമോ?.. അറിയില്ല….!!! എന്റെ മനസ്സ് അസ്വസ്ഥമായി. ഇല്ല,  ഇവള്‍ അങ്ങനെ ആയിരിക്കില്ല. ആരോ പറയുന്നത് പോലെ എനിക്ക് തോന്നി.

സമയം കടന്നുപോയ്കൊണ്ടിരുന്നു.

ഒടുവില്‍ പ്രകാശം പരത്തുന്ന പെണ്‍കുട്ടിയോട് ഞാന്‍ ചോദിച്ചു: “മാഷിനെ എന്നെ ഇഷ്ടമല്ലേ?, ഞാന്‍ മാഷിനെ കല്യാണം കഴിക്കട്ടെ?”

ഒരു നിമിഷം അവിടെ എങ്ങും നിശബ്ദദ പടർന്നു. അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.

എന്റെ ചോദ്യം കേട്ടു അവള്‍ നാണത്തോടെ ഒന്ന് ചിരിച്ചു. പതിവിലും വിടർന്ന ചിരി. ആ ചിരിയില്‍ എന്റെ ചോദ്യത്തിനുള്ള ഉത്തരമുണ്ടായിരുന്നു.

ഞാനും ചിരിച്ചു.

ആശാന്റെ വാക്കുകൾ മനസിൽ നിന്നു വേരോടെ പിഴുതുക്കളയേണ്ട സമയമായിരിക്കുന്നു…!!!

വീശിയടിച്ച കുളിര്‍ കാറ്റില്‍ അവളുടെ ചിരി അലിഞ്ഞു അലിഞ്ഞു ഇല്ലാതായി.

tags: #nizhal malayalam short story

Hey, its me SHiBiN. I'm a travel enthusiast also passionate about photography, writing and love reading books. This is the place i would love to share my photography portfolio, write my epic travelogues, and also blog my short stories, poems, thoughts...

Leave a Reply

Your email address will not be published.

*